Kerala
തിരുവനന്തപുരം: സംസ്ഥാനത്ത് കോഴിയിറച്ചിയുടെയും മുട്ടയുടെയും വില കുതിച്ചുയരുന്നു. കോഴിയിറച്ചിക്ക് ഒരു മാസത്തിനിടെ 50 രൂപയോളമാണ് വർധിച്ചത്. ജീവനുള്ള കോഴിക്ക് ചില്ലറ വിപണിയില്‍ 180 രൂപ വരെയാണ് തിങ്കളാഴ്ചത്തെ വില.
കോഴിഇറച്ചിക്ക് കിലോയ്ക്ക് 270 രൂപ വരെ എത്തിയിട്ടുണ്ട്. ഫാമുകളില്‍ നിന്ന് കർഷകർ വില്‍ക്കുന്ന മൊത്തവില കിലോയ്ക്ക് 150 രൂപയ്ക്ക് മുകളിലാണെന്ന് വ്യാപാരികള്‍ പറയുന്നു. തീറ്റസാധനങ്ങളുടെ വിലവർധനവും ഉത്പാദനത്തിലെ കുറവുമാണ് വിലക്കയറ്റത്തിന് കാരണമെന്ന് റിപ്പോർട്ടുകളുണ്ട്.
വരും ദിവസങ്ങളിലും വില കൂടാനാണ് സാധ്യത. സംസ്ഥാനത്ത് മുട്ടയ്ക്കും വില വർധിച്ചിട്ടുണ്ട്. ഇറച്ചിക്കോഴി വില കുതിച്ചുയർന്നതോടെ ഹോട്ടല്‍ വിഭവങ്ങളുടെ വിലയും വർധിച്ചു. നവംബറില്‍ ആറു രൂപയായിരുന്ന മുട്ടയ്ക്ക് ഇപ്പോള്‍ കേരളത്തില്‍ ശരാശരി എട്ടു രൂപയാണ്.
ഉത്തരേന്ത്യയില്‍ തണുപ്പുകാലം തുടങ്ങിയതോടെ ഉണ്ടായ ഡിമാൻഡും വിദേശത്തേക്കുള്ള കയറ്റുമതി വർധിച്ചതും തിരിച്ചടിയായി. തമിഴ്നാട്ടിലെ നാമയ്ക്കലിലും മുട്ടവില വർധിച്ചിട്ടുണ്ട്.
Kerala
തിരുവനന്തപുരം: സംസ്ഥാനത്ത് പാൽവില വർധിപ്പിക്കുമെന്ന് മന്ത്രി ജെ.ചിഞ്ചുറാണി. പാലിന്റെ വില കൂട്ടുന്നതിനോട് സർക്കാരിനു യോജിപ്പാണ്. തദ്ദേശ തെരഞ്ഞെടുപ്പിനു ശേഷം വിലവർധന നിലവിൽവരുമെന്നും മന്ത്രി പറഞ്ഞു.
കർഷകരുടെ ക്ഷേമം മുൻനിർത്തി നേരിയ വില വർധനയുണ്ടാകും. പാൽവില കൂട്ടുന്നത് സംബന്ധിച്ച് പഠിക്കാൻ മിൽമ നിയോഗിച്ച വിദഗ്ധ സമിതി നിരക്ക് വർധനയ്ക്ക് ശിപാർശ ചെയ്തിട്ടുണ്ട്. മിൽമ ആവശ്യപ്പെട്ടാൽ സർക്കാർ പരിശോധിച്ച് അന്തിമ തീരുമാനമെടുക്കും.
ക്ഷീര കര്‍ഷകര്‍ക്കുവേണ്ടിയാണ് വില വര്‍ധിപ്പിക്കുന്നത്. പാലിന് വില കൂട്ടിയാല്‍ മില്‍മയുടെ എല്ലാ പാല് ഉത്പന്നങ്ങള്‍ക്കും ആനുപാതികമായി വില വര്‍ധിക്കും. സ്വകാര്യ ഉത്പാദകരും വില കൂട്ടുമെന്നും മന്ത്രി പറഞ്ഞു.
Kerala
കൊച്ചി: വാണിജ്യാവശ്യത്തിനുള്ള പാചകവാതക സിലിണ്ടറിന് അഞ്ചു രൂപ കുറച്ചു. ഇതോടെ 19 കിലോ സിലിണ്ടറിന് 1620 രൂപയായി. കഴിഞ്ഞ മാസം പാചകവാതക വില സിലിണ്ടറിന് 16 രൂപ കൂട്ടിയിരുന്നു.
രാജ്യാന്തര ക്രൂഡ് ഓയില്‍ വില വിലയിരുത്തിയാണ് ഓരോ മാസവും ഒന്നിനാണ് എണ്ണക്കമ്പനികള്‍ എല്‍പിജി വില പരിഷ്കരിക്കുന്നത്. അതേസമയം ഗാര്‍ഹിക സിലിണ്ടര്‍ വിലയില്‍ മാറ്റമില്ല.